National
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിക്ക് മുന്നിൽ ഇഡി റെയ്ഡിനെതിരെ പ്രതിഷേധിച്ച 57 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ, പോലീസ് നിർദേശം ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഉദ്യോഗസ്ഥർ മന്ത്രി മുഹമ്മദ് റിയാസിന്റെ വസതിയിൽ പരിശോധന നടത്തിയത്. റെയ്ഡ് വാർത്ത പുറത്തുവന്നതോടെ വലിയ തോതിൽ സിപിഎം പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടുകയും കേന്ദ്ര സർക്കാരിനും ഇഡിക്കുമെതിരെ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയുമായിരുന്നു. തുടർന്നാണ് സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയതിന് കണ്ടാലറിയാവുന്ന 57 പ്രവർത്തകർക്കെതിരെ പോലീസ് നടപടിയെടുത്തത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ.
ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഇഡി റെയ്ഡ് കൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും തളർത്തിക്കളയാമെന്നു വ്യാമോഹിക്കേണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.
എല്ലാക്കാലത്തും പ്രതിസന്ധികളുണ്ടായപ്പോൾ പാർട്ടിക്കു പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടുണ്ട്. അതിന് ഒരു കുറവും ഒരു ചാഞ്ചല്യവും ഉണ്ടായിട്ടില്ലെന്നു സഖാക്കൾ കാട്ടിത്തന്നു. ഏതിനെയും നേരിടാൻ ഒന്നിച്ചു നമുക്കിറങ്ങാം.
ഇഡി നടപടി ചിലർക്കെല്ലാം വലിയ മനഃസംതൃപ്തി നൽകുമെന്നു തോന്നുന്നു. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ പോലുള്ളവർക്ക്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി ഈയടുത്ത കാലത്താണല്ലോ ചോദിച്ചത്.
പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാക്കൾക്കുമെതിരേ കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.
തങ്ങളുടെ പാർട്ടിക്കാരല്ലാത്തവർക്കെതിരെയുള്ള കടന്നുകയറ്റം ആയിക്കോട്ടെ എന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കു നേർക്കു കൈയേറ്റ ശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നും വൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിക്കാൻ കല്ലും കട്ടയും വടികളും കരുതുന്നതായും ജനക്കൂട്ടത്തെ ഒഴിവാക്കിയ ശേഷമേ ഉദ്യോഗസ്ഥർ വീടു വിട്ടുപോകാൻ അനുവദിക്കാവൂ എന്നും അറിയിച്ചിരുന്നു.
എന്നാൽ, ഇക്കാര്യങ്ങളും ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. ഇതാണ് അക്രമത്തിലേക്കും കാറുകൾ പൂർണമായി അടിച്ചുതകർക്കുന്ന നിലയിലേക്കും എത്തിയത്. സുരക്ഷ ഒരുക്കുന്നതിൽ പോലീസ് സംവിധാനം പൂർണമായി പരാജയപ്പെട്ടു.
സുരക്ഷിതമായി ഇഡി ഉദ്യോഗസ്ഥർക്ക് മുൻ മുഖ്യമന്ത്രിയുടെ ബേക്കർ ജംഗ്ഷനിലെ വീട്ടിൽനിന്ന് പ്രധാന റോഡിൽ എത്താൻ കഴിയുമോ എന്ന കേന്ദ്ര സേന ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും സുരക്ഷിതമായി എത്തിക്കാമെന്നായിരുന്നു മറുപടി. എന്നാൽ, പോലീസ് നൽകിയ ഉറപ്പുകൾ പൂർണമായി ലംഘിക്കപ്പെട്ടു. ഉദ്യോഗസ്ഥർക്കു നേർക്കും ആക്രമണമുണ്ടായി. വനിത ഉദ്യോഗസ്ഥക്കും പരിക്കേറ്റു. ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധന സംസ്ഥാനത്തെ അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ പോലീസിന്റെ ഒരു സഹായവും ഇഡി തേടിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എട്ടു പേരടങ്ങിയ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയോടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കർ ജംഗ്ഷനു സമീപത്തെ വാടക വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയത്. സാധാരണ സംസ്ഥാന പോലീസ് സഹായം തേടാതെ ഇത്തരം പരിശോധനയ്ക്ക് എത്തുന്പോൾ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കുക പതിവാണ്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരേ ഉയർന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും പലവട്ടം ചർച്ച ചെയ്തു തെളിവില്ലെന്ന കാരണത്താൽ തള്ളിയതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പല കോടതികളും ഇതിൽ തെളിവില്ലെന്നു പറഞ്ഞു തള്ളിയതാണ്. വീണ മകളായിപ്പോയതിന്റെ പേരിൽ അച്ഛന്റെ പേരിൽ കേസെടുക്കാനാണ് ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം.
വീണാ വിജയന്റെ എക്സാലോജിക് കന്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയതിനാണ് 1.72 കോടി രൂപ നൽകിയത്. ഈ തുകയ്ക്ക് നികുതിയും ഒടുക്കിയിട്ടുണ്ട്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിനു പിന്നാലെയാണ് ഇഡി പിണറായിയുടെ വീടുകളിൽ പരിശോധന നടത്തിയത്.
കോണ്‍ഗ്രസ് നേതൃത്വവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യമായിരുന്നു ഉന്നയിച്ചിരുന്നത്.
പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള ഇഡിയുടെ രാജ്യവ്യാപക നീക്കത്തിന്റെ ഭാഗമാണ് പിണറായിക്കെതിരേയുള്ള നടപടി. ഇഡി കേസുകളിൽ ഒരു ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ഉത്തരവുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇഡിയുടെ നീക്കത്തിൽ ദുർബലപ്പെട്ടുപോകുന്ന പ്രസ്ഥാനമല്ല സിപിഎം. ഇതുവഴി പിണറായി വിജയനെയും ദുർബലപ്പെടുത്താനാകില്ല.
പിണറായിയെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയില്ല. പിണറായിക്ക് ഇതിൽ ഒരു ഉത്തരവാദിത്വമില്ല. ജനങ്ങളെ അണിനിരത്തിയും നിയമപരമായും ഇഡി നീക്കത്തെ നേരിടും. റെയ്ഡ് നടക്കുന്ന എല്ലായിടത്തും പ്രവർത്തകർ പ്രതിഷേധിക്കും. വൈകുന്നേരം എല്ലാ ബ്രാഞ്ചിലും പന്തംകൊളുത്തി പ്രകടനം നടത്തും. ബിജെപിയും യുഡിഎഫും ചേർന്നുള്ള ഡീലാണ് ഇതിനു പിന്നിലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തൊടുപുഴ: സിപിഎമ്മിന്റെ അടിവേര് ഇളക്കിയ സംഭവമാണ് മാസപ്പടി കേസെന്നും കേരളം അറിഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടുന്ന ഒത്തിരി കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ നേരത്തേ നല്കിയ കേസില്‍ ഇഡി അന്വേഷണം താത്ക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തപ്പോള്‍ വലിയ തോതില്‍ ആഘോഷിച്ച പാര്‍ട്ടിയാണ് സിപിഎം. ആ സമയത്ത് തനിക്കെതിരെ വലിയ ആക്ഷേപവും സൈബര്‍ ആക്രമണവും ഉണ്ടായി.
അന്വേഷണം വരുമ്പോള്‍ എന്തിനാണ് ഇത്ര വെപ്രാളപ്പെടുന്നത്. എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ തനിക്കെതിരെ പിണറായി പോലീസ് 12 അന്വേഷണമാണ് നടത്തിയത്. തന്റെ വീട്ടിലും സമാനമായ രീതിയില്‍ പോലീസ് പരിശോധന നടത്തി. അന്ന് രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞ് ഒളിച്ചോടിയില്ല. അന്വേഷണവുമായി സഹകരിച്ചു.
നിലവില്‍ നടക്കുന്ന പരിശോധനകള്‍ രാഷ്്ട്രീയപ്രേരിതമാണെന്നു പറയുന്നത് കേസ് മറയ്ക്കാനുള്ള പ്രതിരോധം മാത്രമാണെന്നും കുഴൽനാടൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ കന്പനിയും എക്സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള കണ്‍സൾട്ടൻസി ബന്ധത്തിന്റെ പേരിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും ആയ പിണറായി വിജയന്റെ വസതികളിൽ മോദി സർക്കാരിന്റെ ഇഡി നടത്തുന്ന റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടു വൈകുന്നു എന്ന കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം ഏതാനും ആഴ്ചകൾക്ക് മുന്‍പാണ് കേരളം കേട്ടത്.
ഇഡി നടത്തുന്ന ഈ റെയ്ഡുകൾ ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇഡിയെ ബിജെപി മാറ്റുന്നുവെന്ന നിലപാടിൽനിന്ന് അലിഖേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പിറകോട്ടു പോയോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നു സിപിഐ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുതൽ ഇന്നലെ വരെ കേരളം കണ്ടുകൊണ്ടിരുന്നത് യുഡിഎഫുകാരുടെ ഉത്സവാഘോഷമായിരുന്നു. ഇന്നലെ ആ ആഘോഷ അന്തരീക്ഷം മാറി. പിണറായി വിജയന്റെ വീട്ടിലുൾപ്പെടെ പന്ത്രണ്ടു കേന്ദ്രങ്ങളിൽ രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചതോടെ കേരളത്തിന്റെ ശ്രദ്ധ അതിലേക്കു മാറി.
പിണറായി വിജയന്റെ വസതിയിലുൾപ്പെടെ റെയ്ഡ് നടക്കുന്നു എന്ന വാർത്ത പുറത്തു വന്നതോടെ സിപിഎം സടകുടഞ്ഞെണീറ്റു. കഴിഞ്ഞ മൂന്നാഴ്ചയായി തെരഞ്ഞെടുപ്പു പരാജയം ഏൽപിച്ച ആലസ്യത്തിൽ കഴിയുകയായിരുന്ന സിപിഎം പ്രവർത്തകരെ ഉണർത്താനും സജീവമാക്കാനുമുള്ള അവസരമായാണു പാർട്ടി ഇതിനെ തുടക്കത്തിൽതന്നെ കണ്ടത്.
‘ഇതിലും വലിയ വേട്ടയാടലുകൾ കണ്ടതാണ്’ എന്നെഴുതിയ പിണറായി വിജന്റെ ചിത്രം പതിച്ച വലിയ ബോർഡ് ഇഡി റെയ്ഡ് നടക്കുന്പോൾ തന്നെ തിരുവനന്തപുരത്ത് പാളയത്തു പ്രത്യക്ഷപ്പെട്ടു. റെയ്ഡിനെ രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം ഒരുങ്ങുന്നതിന്റെ പ്രകടമായ സൂചനയായിരുന്നു അത്. പിണറായിയുടെ തിരുവനന്തപുരത്തെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
കോണ്‍ഗ്രസിനെകൂടി ഈ വിവാദത്തിൽ കക്ഷിയാക്കാനും സിപിഎം ശ്രദ്ധിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി സന്ദർശനവും റെയ്ഡും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനം നടത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും അവർ ആയുധമാക്കി.
വി.ഡി. സതീശന്റെ പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്പോൾ, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. പിണറായിക്കെതിരേയുള്ള റെയ്ഡ് കോണ്‍ഗ്രസ്-ബിജെപി ഗൂഢതന്ത്രത്തിന്റെ ഭാഗമെന്നു വരുത്താനായിരുന്നു സിപിഎം ശ്രമം.
എന്നാൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇഡി സംഘത്തിനു നേരേ സിപിഎമ്മുകാർ ആക്രമണം അഴിച്ചുവിട്ടതോടെ കഥ മാറി. അറസ്റ്റിലാകുന്ന പാർട്ടിക്കാർക്കെതിരേ ഗുരുതര വകുപ്പുകൾ ചുമത്തും. ഇഡി ഉദ്യോഗസ്ഥർക്കെതിരേയുള്ള ആക്രമണത്തെ കേന്ദ്ര സർക്കാരും ഗൗരവത്തോടെയാകും കാണുക.
റെയ്ഡിനെക്കുറിച്ചു മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പിന്നീട് അക്രമസംഭവങ്ങൾക്കു ശേഷം മാധ്യമങ്ങൾക്കു മുന്‍പാകെ എത്തി അക്രമികൾക്കെതിരേ കർശനമായ നടപടി ഉണ്ടാകുമെന്നു പറഞ്ഞു. തലസ്ഥാനത്തു നടന്നത് ആസൂത്രിതമായ അക്രമമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കൾ ഇഡി നടപടിക്കെതിരേ അതിശക്തമായ പ്രതികരണവുമായി രംഗത്തു വന്നപ്പോൾ കോണ്‍ഗ്രസോ യുഡിഎഫോ ഇക്കാര്യത്തിൽ പ്രതികരിക്കാൻതന്നെ തയാറായില്ല. ഇഡിയോടു തങ്ങൾക്കു വലിയ മതിപ്പൊന്നുമില്ലെന്നാണ് കെ. മുരളീധരൻ പറഞ്ഞത്. മുന്‍പ് ഇഡി അമിതാവേശത്തോടെ കൈകാര്യം ചെയ്ത കേസുകൾ പിന്നീട് എവിടെ പോയെന്ന് ആർക്കുമറിയില്ലല്ലോ.
ഇഡി അന്വേഷണം യുഡിഎഫിന്റെ പരിധിയിൽ വരില്ലെങ്കിലും ഇതിന്റെ ഫലമായുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരിക സർക്കാർ ആയിരിക്കും. അതു സർക്കാരിനു തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം കേരള സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ സംഘർഷങ്ങൾ വരാനിരിക്കുന്ന നാളുകളേക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു. ഇന്നലെ അതിന്റെ അടുത്ത പടിയിലേക്കു കടന്നു.
ഇഡി റെയ്ഡിൽ ബിജെപിക്കു രാഷ്ട്രീയ താൽപര്യമുണ്ടാകാമെന്ന അഭിപ്രായവും രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. സിപിഎമ്മിന്റെ അടിത്തറ തകർത്ത് ആ സ്പേസിലേക്കു കയറിപ്പറ്റാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാകാം. അങ്ങനെ ബിജെപിയും സിപിഎമ്മും തമ്മിൽ പോർമുഖം തുറക്കുന്പോഴും രാഹുൽ ഗാന്ധിയെ വിമർശിച്ച പിണറായി വിജയൻ മോദിക്കെതിരേ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നു യുഡിഎഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു.
സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു പത്തു ദിവസം തികയുന്നതിനു മുന്‍പു തന്നെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം സംഘർഷാത്മകമായിരിക്കുന്നു എന്നതാണു കഷ്ടം.
Kerala
കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുന്‍മന്ത്രി പി. രാജീവ്. എന്തുകൊണ്ട് പിണറായിയെ ഇഡി ജയിലില്‍ അടയ്ക്കുന്നില്ല എന്ന് രാഹുല്‍ ഗാന്ധി നിരന്തരം ചോദിക്കാറുണ്ട്. ഇത് രാഷ്ട്രീയ വേട്ടയാണെന്നും രാജീവ് എറണാകുളത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിൽ പറഞ്ഞു.
പിണറായി വിജയന്റെയും വീടുകളിലും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നതിന് പിന്നില്‍ ഒറ്റ ഉദ്ദേശ്യമേയുള്ളു. പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും കുറിച്ചും അവമതിപ്പ് ഉണ്ടാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്.
എന്തുകൊണ്ട് ഇഡി പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായിയെ ഇഡി ജയിലിലടയ്ക്കുന്നില്ല എന്ന് കേരളത്തില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധി നിരന്തരം ചോദിക്കും. ഈ ചോദ്യമാണ് രാഹുല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും ഈ ചോദ്യം തന്നെയാണ് ഉന്നയിച്ചതെന്നും രാജീവ് കൂട്ടിച്ചേർത്തു.
സഖാവ് പിണറായിക്കെതിരെ ഒരു വിധത്തിലുള്ള കേസുമില്ല. ഒരു സമന്‍സും വാറണ്ടുമില്ല. ഈ കേസുമായി ഒരു ബന്ധവുമില്ല. ചൊവ്വാഴ്ച ഹൈക്കോടതി 2024ല്‍ കോടതിയുടെ മുന്നിലുള്ള ഒരു കേസ് തള്ളി. ആ കേസ് സിഎംആര്‍എല്‍ കമ്പനിക്കാര്‍ക്ക് ലഭിച്ച സമന്‍സിനെ കുറിച്ചാണ്.
എന്നാല്‍ ആ സമന്‍സ് ലഭിച്ച ആളുകളില്‍ പിണറായി വിജയന് ഇല്ല. പിണറായി വിജയന്റെ മകള്‍ ഇല്ല, റിയാസ് ഇല്ല. ഇവരാരും സമന്‍സ് ലഭിച്ചവരല്ല. സമന്‍സ് ലഭിച്ച് കമ്പനിയെ സമീപിച്ചവര്‍ കമ്പനിയുടെ ആളുകളാണ്. ഇന്നും നാളെയും അവധി ആയതിനാല്‍ ഇഡി അതിവേഗതയില്‍ റെയ്ഡ് നടത്തുകയാണ്. ഇതിൽ കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അരവിന്ദ് കെജരിവാളിനെ ജയിലില്‍ അടച്ചില്ലേ. അരവിന്ദ് കെജരിവാളിനെ ജയിലില്‍ അടച്ച പരാതിയുടെ തുടക്കം കോണ്‍ഗ്രസ് നല്കിയ പരാതിയാണ്. ഗൂഢാലോചനയ്ക്ക് തെളിവുകളില്ലാത്ത കേസ് അവസാനിപ്പിച്ചു. അതുപോലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നടത്തുന്ന കാര്യങ്ങള്‍ കേരളം തിരിച്ചറിയും. കേസ് നിയമപരമായി നേരിടും. ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ ചിലവാകില്ല എന്നും പി. രാജീവ് പറഞ്ഞു.
Kerala
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ നടക്കുന്ന ഇഡി റെയ്ഡില്‍ വ്യാപക പ്രതിഷേധം. എറണാകുളത്ത് മുന്‍ മന്ത്രി പി. രാജീവിന്റെയും ജില്ലാ സെക്രട്ടറി എസ്. സതീഷ്, എം. സ്വരാജ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം പ്രകടനം നടന്നത്.
മുന്‍ എംഎല്‍എമാരായ കെ.എസ്. അരുണ്‍കുമാര്‍, കെ.എന്‍. ഉണ്ണികൃഷ്ണന് എന്നിവരും പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. എറണാകുളം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് നഗരങ്ങളിലൂടെ ചുറ്റിയാണ് മാര്‍ച്ച് നടക്കുന്നത്. മേനക ജംഗ്ഷന് വരെയാണ് പ്രതിഷേധം നടന്നത്.
സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. പിണറായി വിജയന്റെ വീടുകളിലും സിഎംആര്‍എല്ലിന്റെ ഓഫീസുകളിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് തുടരുന്നത്. എറണാകുളത്ത് സിഎംഡിആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുകയാണ്.
ശശിധരന് കര്‍ത്തയ്ക്ക് ബന്ധമുള്ള കളമശേരിയിലെ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന് കര്‍ത്തയുടെ മകന് സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായി വിജയനെയും മകള്‍ വീണ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
National
ന്യൂഡൽഹി: ഒരു കേസ് എപ്പോൾ പരിഗണിക്കണമെന്നു ജുഡീഷറിയോടു നിർദേശിക്കാനാകില്ലെന്നു ബംഗാൾ സർക്കാരിനോടു സുപ്രീംകോടതി.
തൃണമൂൽ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകസ്ഥാപനമായ ഐപാക് കണ്‍സൾട്ടൻസിയിലെ റെയ്ഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. റെയ്ഡ് നടക്കുന്ന സ്ഥലത്തു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രവേശിച്ചത് അധികാര ദുർവിനിയോഗമാണെന്നും കോടതി ആരോപിച്ചു.
അതേസമയം കേസിൽ ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന ബംഗാൾ സർക്കാരിന്റെ ആവശ്യം ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു.
ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിരവധി പുതിയ കാര്യങ്ങളും ആരോപണങ്ങളും കൂട്ടിച്ചേർത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലത്തിന് മറുപടി നൽകാനും വാദം സമർപ്പിക്കാനും കൂടുതൽ സമയം ആവശ്യപ്പെട്ടത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയുടെ നിലനിൽപ്പിനെ ബംഗാൾ സർക്കാർ ചോദ്യം ചെയ്തു.
ഒരു സംസ്ഥാനത്തിനെതിരേ റിട്ട് ഹർജി വിനിയോഗിക്കാൻ അന്വേഷണ ഏജൻസിക്കു സാധിക്കില്ലെന്ന വാദവും ബംഗാൾ സർക്കാർ ഉന്നയിച്ചു. കേസിൽ അടുത്തയാഴ്ച വീണ്ടും വാദം തുടരും.
National
ബംഗളൂരു: ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയി (56) ജീവനൊടുക്കി. ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം. കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തുകയായിരുന്നു. കൊച്ചിയിലുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ ഐടി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഫയൽ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് റൂമിലേക്ക് പോയ അദ്ദേഹം വെടിയുതിർക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം കൊച്ചി സ്വദേശിയാണ്.
കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഗൾഫിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി.ജെ.റോയ്. ഇഡി ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നു.
കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ, എ. പത്മകുമാറിന്റെ ആറൻമുളയിലെ വീട്, എൻ. വാസുവിന്റെ വീട്, സ്വർണവ്യാപാരി ഗോവർധന്റെ ബെല്ലാരിയിലെ വീട്, ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ്, മുരാരി ബാബുവിന്റെ കോട്ടയത്തെ വീട് എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
രാവിലെ ഏഴോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവിധ ഇടങ്ങളിലായി പരിശോധന ആരംഭിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന ആരംഭിച്ചിട്ടുണ്ട്.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഐപാകിന്റെ ഓഫീസിലും സ്ഥാപനത്തിന്റെ മേധാവി പ്രതീക് ജെയ്നിന്റെ വസതിയിലും ഇഡി റെയ്ഡ്. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള ഐപാക് ഓഫീസിലും പ്രതീക് ജെയ്നിന്റെ ഫ്ളാറ്റിലുമാണ് പ്രധാനമായും തെരച്ചില്‍ നടന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ഐപാക്, 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ടിഎംസിയുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ്.
2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ടിഎംസിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ സ്ഥാപനമാണ്. റെയ്ഡ് വിവരം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതീക് ജെയ്നിന്റെ വസതിയിലെത്തി.
പുറത്തിറങ്ങവെ ഹാര്‍ഡ് ഡിസ്കും ഫയലുകളും കൈയിലേന്തി മാധ്യമങ്ങളോട് സംസാരിച്ച മമത, 'തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ ആന്തരിക രേഖകളും വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമമാണ് ഇതെന്ന്' ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷമായ ബിജെപിയുമായുള്ള രാഷ്ട്രീയ പോരിനിടയിലാണ് ഈ റെയ്ഡ്.
Kerala
കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കേരള ഫിനാന്‍സ് കോര്‍പറേഷനില്‍നിന്നു (കെഎഫ്സി) വായ്പയെടുത്തു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണു കഴിഞ്ഞദിവസം അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. ഒരേ വസ്തു ഈടുവച്ച് ചുരുങ്ങിയ കാലയളവില്‍ത്തന്നെ വിവിധ വായ്പകള്‍ കെഎഫ്സി വഴി അന്‍വര്‍ തരപ്പെടുത്തിയതായി ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന് 7.5 കോടിയും പിവിആര്‍ ഡെവലപ്പേഴ്സിന് 3.05 കോടിയും 1.56 കോടി രൂപയുമാണ് ലോണ്‍ അനുവദിച്ചത്. ലോണ്‍ എടുത്ത തുകകള്‍ വകമാറ്റി ചെലവഴിച്ചതായാണു വിവരം. മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ താനാണെന്ന് അന്‍വര്‍ സമ്മതിച്ചതായും ഇഡി അറിയിച്ചു.
നിലവില്‍ ഇത് അടുത്ത ബന്ധുവിന്റെയും ഡ്രൈവറുടെയും പേരിലാണ്. മാത്രമല്ല, ലോണ്‍ എടുത്ത തുക പിവിആര്‍ മെട്രോ വില്ലേജ് എന്ന വലിയ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്കാണ് ഉപയോഗിച്ചതെന്നും അന്‍വര്‍ സമ്മതിച്ചു. 2014 ല്‍ 14.38 കോടി രൂപയുടെ സ്വത്തുക്കള്‍ 2021 ആയപ്പോഴേക്കും 64.14 കോടി രൂപയായി വര്‍ധിച്ചതില്‍ കൃത്യമായ വിശദീകരണം നല്കാന് അന്‍വറിനു സാധിച്ചില്ലെന്നും ഇഡി വ്യക്തമാക്കി.
അന്‍വറിന്റെ നിര്‍ദേശപ്രകാരം പതിവായി രേഖകളില്‍ ഒപ്പിടുകയും ഫണ്ടുകള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയും അക്കൗണ്ടില്‍ കാണിക്കാതെ പണം കൈകാര്യം ചെയ്തിരുന്നതായും ഇദ്ദേഹത്തിന്റെ കൂട്ടാളികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പിവിആര്‍ മെട്രോ വില്ലേജില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
വായ്പയെടുത്ത തുക ഇതിലേക്കു മാറ്റിയതായും വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നും സൂചന ലഭിച്ചിട്ടുണ്ട്. വില്പന കരാറുകള്‍, സാമ്പത്തിക രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.
ലോണ്‍ അനുവദിച്ചതില്‍ കെഎഫ്സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും ഇഡി വ്യക്തമാക്കി. പരിശോധനയില്‍ ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന വ്യത്യസ്ത വ്യക്തികളുടെ പേരിലുള്ള 15 ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ഇതില്‍ സംശയകരമായ ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണെന്നും ഇഡി അറിയിച്ചു.
Kerala
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.
തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമി, പന്തളത്തെ എഡ്യൂക്കേഷൻ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര് അറസ്റ്റിലായിരുന്നു.
കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. തുടർന്ന് അഞ്ചുവർഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും ധനസഹായം നൽകുന്നതിനുമായി പിഎഫ്ഐ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നും ഹവാല ഇടപാടിലൂടെ സംഭാവനകൾ സ്വീകരിച്ചതായും ഫണ്ട് ശേഖരിച്ചതായും ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
Kerala
തൃശൂർ: ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. അത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു.
ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു. മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നതെന്നും ദേവൻ പറഞ്ഞു.
ശബരിമലയിലേത് വിവാദമല്ല, പകൽ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ദേവൻ പറഞ്ഞു.
ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.